കുല്‍ഭൂഷണ്‍ ജാദവ് കേസ്; പുതിയ അഭിഭാഷകരുമായി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസഫ് അലിയുടെ നേതൃത്വത്തില്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിച്ചു.

കുല്‍ഭൂഷന്‍ കേസില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയില്‍ നേരിട്ട തിരിച്ചടിയില്‍ കേസ് കൈകാര്യം ചെയ്യാന്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ എട്ടിനു പുതിയ അഭിഭാഷക സംഘമായിരിക്കും അന്താരാഷ്ട്ര കോടതിയില്‍ കേസ് കൈകാര്യം ചെയ്യുക. പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. ഇന്ത്യന്‍ നാവിക സേനയില്‍ നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

Top