കുല്‍ഭൂഷണ്‍ ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാക്കിസ്ഥാന്‍

Kulbhushan-Jadhav

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാന്‍.

കഴിഞ്ഞ ദിവസം കുല്‍ഭൂഷണെ പാകിസ്ഥാന്‍ ജയിലിലെത്തി കാണാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചിരുന്നു. പാക് സൈനിക കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയാണ് ഇതെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.

ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെയും അവര്‍ക്കൊപ്പം ചെല്ലാന്‍ പാകിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്. ഈ മാസം 25നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

കുല്‍ഭൂഷണ്‍ ജാദവിനെ ഉടനടിയൊന്നും തൂക്കിലേറ്റില്ലെന്നും അദ്ദേഹത്തിന്റെ ദയാഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്നും പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. എന്നാല്‍ കുല്‍ഭൂഷണിന്റെ അമ്മയ്ക്കും മാതാവിനും പാകിസ്ഥാനിലെത്താന്‍ അനുമതി നല്‍കിയത് മതവിശ്വാസവും മനുഷ്യത്വവും മാത്രം പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുവര്‍ക്കും പാകിസ്ഥാന്‍ യാത്രാ രേഖകള്‍ അനുവദിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ വച്ചായിരിക്കും കുടുംബാംഗങ്ങളും കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കാണാന്‍ ഇരുവര്‍ക്കും പാകിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമല്ലെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top