ന്യൂഡൽഹി:കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഐക്യരാഷ്ട്രസഭയ്ക്ക് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാകിസ്ഥാൻ പരിഹാര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് പറഞ്ഞു.
ജൂലൈയിൽ അന്താരാഷ്ട്രനീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ സഹായിച്ചെന്നും ജസ്റ്റിസ് യൂസഫ് പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കുൽഭൂഷണൺ ജാദവിനെ കാണാൻ പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര നിയമം ലംഘിച്ച് കുൽഭൂഷണ ജാദവിന് മേൽ പാക്കിസ്ഥാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം
വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാൻ തടവിലാക്കിയത്. പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചു. എന്നാൽ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഇന്ത്യ കഴിഞ്ഞ മെയ് മാസത്തിൽ രാജ്യാന്തര നീതിന്യയ കോടതിയെ സമീപിക്കുകയായിരുന്നു.
വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടർന്ന് ഈ വർഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി വധശിക്ഷ നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുൽഭൂഷൺ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും ഉത്തരവിടുകയായിരുന്നു.