കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയ ശേഷവും മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചോ അദ്ദേഹം എവിടെയാണുള്ളതെന്നു സംബന്ധിച്ചോ യാതൊരു വിവരവും പാകിസ്താന്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ.

ഒരു വര്‍ഷത്തിലേറെയായി പാക് കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് രാജ്യത്തിന് കടുത്ത ആശങ്കയുണ്ടെന്ന് വിദേശ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു.
കേസ് അന്താരാഷ്ട്ര കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ജാദവിന്റെ വിവരങ്ങള്‍ കൈമാറാനുള്ള ബാധ്യത പാക് അധികൃതര്‍ക്കുണ്ടെന്ന് വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പാക് സൈനിക കോടതിയില്‍ നടന്ന വിചാരണയുടെ വിശദാംശങ്ങളും പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല.

കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴിയാണ് പാക് വിദേശകാര്യ സെക്രട്ടറിക്ക് അപ്പീല്‍ കൈമാറിയത്. സൈനിക കോടതി ഏപ്രില്‍ 10 ന് പുറപ്പെടുവിച്ച വിധിക്കെതിരെ 40 ദിവസത്തിനകം അപ്പീല്‍ നല്‍കാമെന്നാണ് പാക് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരക്കിട്ട നടപടികള്‍ ഇന്ത്യ സ്വീകരിച്ചുവെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കൈമാറാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ജാദവിന്റെ കുടുംബം വിസയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും അതേക്കുറിച്ച് പ്രതികരിക്കാനും പാക് അധികൃതര്‍ തയ്യാറല്ല.

ആവശ്യമെങ്കില്‍ കോടതിയില്‍ നേരിട്ട് അപ്പീല്‍ നല്‍കാനൊരുങ്ങിയാണ് ജാധവിന്റെ കുടുംബം വിസയ്ക്ക് അപേക്ഷ നല്‍കിയത്. ജാദവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരം അറിയിക്കണമെന്ന് ഇന്ത്യ കഴിഞ്ഞമാസം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങളും പാകിസ്താന്‍ ഇതുവരെ കൈമാറിയിട്ടില്ല.

ചാരവൃത്തി നടത്തുന്നതിനുവേണ്ടി രാജ്യത്തെത്തിയ ജാദവിനെ ബലൂചിസ്താന്‍ പ്രവിശ്യയില്‍നിന്ന് മാര്‍ച്ച് മൂന്നിന് അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ജാദവ് പാകിസ്താനില്‍ എത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്

Top