ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാക്കിസ്ഥാന്‍ അനുകൂലമായ മൊഴി നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ കള്ളക്കഥ കുല്‍ഭൂഷണിനെ കൊണ്ട് പറയിപ്പിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കുല്‍ഭൂഷനെ സന്ദര്‍ശിച്ചിരുന്നത്. രാജ്യാന്തര നീതിന്യായകോടതിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്രമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. കൂടിക്കാഴ്ച്ചയെ കുറിച്ച് വിദേശകാര്യമന്ത്രി ജാദവിന്റെ അമ്മയോട് സംസാരിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കുല്‍ഭൂഷണെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കണ്ടത് തടസങ്ങളില്ലാതെയാണെന്ന് പാക്കിസ്ഥാന്‍ വിശദീകരിച്ചു. കുല്‍ഭൂഷണെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചു. കൂടിക്കാഴ്ചയിലെ സംഭാഷണം റിക്കാര്‍ഡ് ചെയ്‌തെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.
മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു