ഇസ്ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണുന്നതിന് അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനിലെത്തും.
പാക്ക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിമാനമാർഗം എത്തുന്ന കുൽഭൂഷന്റെ അമ്മയും ഭാര്യയും ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പാക്ക് വിദേശകാര്യമന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗ് ഇരുവരെയും അനുഗമിക്കും. വിദേശകാര്യമന്ത്രാലയത്തിലാണു കൂടിക്കാഴ്ച നടക്കുന്നത്.
തീവ്രവാദ ബന്ധം ആരോപിച്ചാണ് കുല്ഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. ഇദ്ദേഹം ബലൂചിസ്താനിലെയും കറാച്ചിയിലെയും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പാക്കിസ്ഥാൻ ആരോപിക്കുന്നു.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേയ്ക്ക് അയച്ചതെന്ന് ആരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജാദവിനെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.ഇതിനെതിരെ ഇന്ത്യ അപ്പീല്‍ സമര്‍പ്പിക്കുകയും അപേക്ഷ സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്യുകയുമായിരുന്നു.