ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി നിയമ വിരുദ്ധമാണെന്ന് രാജ്യാന്തര കോടതിയില്‍ ഇന്ത്യ ആവര്‍ത്തിച്ചു.
വിയന്ന കരാറിലെ 36ാം ചട്ടത്തിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്.
കുല്‍ഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചില്ല. അറസ്റ്റ് പോലും ഇന്ത്യ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ശരിയായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ വിധിച്ചത്. അതിനാല്‍ അടിയന്തരമായി ശിക്ഷ മരവിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മുന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവ് വ്യാപാര ആവശ്യങ്ങള്‍ക്ക് ഇറാനില്‍ എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരേ കുല്‍ഭൂഷന്റെ മാതാപിതാക്കള്‍ പാക്കിസ്ഥാന്‍ കോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയിട്ടില്ല. അന്താരാഷ്ട്ര കോടതിയിലെ കേസ് അവസാനിക്കുന്നതു വരെ വധശിക്ഷ റദ്ദ് ചെയ്യണമെന്നും ഇതിനുള്ള നടപടി പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്നും സാല്‍വെ ആവശ്യപ്പെട്ടു. കേസില്‍ കുല്‍ഭൂഷനും ഇന്ത്യയ്ക്കും നീതി ലഭിച്ചില്ലെന്നും സാല്‍വെ വാദിച്ചു.
18 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഒരു കേസില്‍ എതിര്‍ കക്ഷികളാകുന്നത്.