നിര്‍ദേശം വരേണ്ടത് ഡല്‍ഹിയില്‍ നിന്നല്ല; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ച് നിര്‍ദേശം വരേണ്ടത് ഡല്‍ഹിയില്‍ നിന്നല്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.വിശ്വാസവോട്ടെടുപ്പ് വിഷയത്തിലെ തീരുമാനം സ്പീക്കര്‍ക്ക് വിട്ടിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

”വിശ്വാസവോട്ടെടുപ്പ് വിഷയത്തിലെ തീരുമാനം ഞാന്‍ അങ്ങേക്ക് (സ്പീക്കര്‍) വിട്ടിരിക്കുകയാണ്. അത് നിര്‍ദേശിക്കപ്പെടേണ്ടത് ഡല്‍ഹിയില്‍നിന്നല്ല. ഗവര്‍ണര്‍ അയച്ച കത്തില്‍നിന്ന് എന്നെ സംരക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോട്(സ്പീക്കര്‍) അഭ്യര്‍ഥിക്കുകയാണ്”- കുമാരസ്വാമി സഭയില്‍ പറഞ്ഞു.

ഗവര്‍ണറോട് എനിക്ക് ബഹുമാനമാണുള്ളത്. എന്നാല്‍ അദ്ദേഹം രണ്ടാമതും അയച്ച ‘ലവ്ലെറ്റര്‍’ എന്നെ വേദനിപ്പിച്ചു. പത്തുദിവസം മുമ്പു മാത്രമാണോ അദ്ദേഹം കുതിരക്കച്ചവടത്തെ കുറിച്ച് അറിഞ്ഞത്? ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പയുടെ പിഎ സന്തോഷ് സ്വതന്ത്ര എം എല്‍ എച്ച് നാഗേഷിനൊപ്പം വിമാനത്തില്‍ കയറുന്ന ചിത്രം ഉയര്‍ത്തിക്കാണിച്ച് കുമാരസ്വാമി ചോദിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല കുമാരസ്വാമിക്ക് കത്തയച്ചിരുന്നു.ഇതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം

Top