ബംഗളൂരു; വെടിവച്ച് കൊല്ലുമെന്ന കുമാര സ്വാമിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ. ജെഡിഎസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെടിവച്ചു കൊല്ലാന്‍ കുമാരസ്വാമി ഉത്തരവിട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വ രഹിതമായ മോശപ്പെട്ട സംസാരമാണ് കുമാരസ്വാമി നടത്തിയതെന്നും അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും, ഒരു മുഖ്യമന്ത്രി തന്നെ ഇങ്ങനെ സംസാരിച്ചാല്‍ ക്രമസമാധാനം എവിടെപ്പോയി നില്‍ക്കുമെന്നും യെദിയൂരപ്പ ചോദിച്ചു.
ജെഡിഎസ് പ്രാദേശിക നേതാവിനെ വധിച്ചവരെ കൊല്ലാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫോണിലൂടെ ഉത്തരവിടുന്ന സംഭവം വിവാദമായതോടെയാണ് ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജഡിഎസിന്റെ പ്രാദേശിക നേതാവും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന എച്ച് പ്രകാശിനെ തിങ്കളാഴ്ചയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രകാശനെ കൊന്നവരെ വെടിവച്ചു കൊല്ലണമെന്ന് ഫോണിലൂടെ പറഞ്ഞത്. എന്നാല്‍ താന്‍ അത് വൈകാരികമായ രീതിയില്‍ പ്രതികരിച്ച് പോയതാണെന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.