കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കുമാരസ്വാമി മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നിഖിലിനെ കൃഷ്ണരാജ പെട്ടെ(കെ.ആര്‍ പെട്ടെ) നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടിരുന്നു. കെ.ആര്‍ പെട്ടെ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജെ.ഡി.എസ് എം.എല്‍.എ നാരായണ ഗൗഡയെ സ്പീക്കര്‍ അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആഗസ്റ്റ് മൂന്നിന് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയാണ് പ്രധാന അജണ്ട. കുമാരസ്വാമിയുടെ അടുത്ത സഹായികളില്‍ പലരും കെ.ആര്‍ പെട്ടെ സീറ്റ് സ്വപ്നം കാണുന്നുണ്ടെങ്കിലും മകനെ മത്സരിപ്പിക്കാനാണ് കുമാരസ്വാമിയുടെ നീക്കം.

Top