ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ വെടിവച്ച് കൊല്ലണമെന്ന് എച്ച് ഡി കുമാരസ്വാമി. ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പൊലീസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണമെന്ന് മുന്‍മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു.
ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തി. മൈസൂരുവില്‍ നിന്ന് പരീക്ഷ എഴുതാതെ മടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.