കുംഭകോണം സ്‌കൂള്‍ തീ പിടുത്തം ; ശിക്ഷാവിധി മദ്രാസ് ഹൈക്കോടതി മരവിപ്പിച്ചു

madras-highcourt

ചെന്നൈ: കുംഭകോണത്ത് സ്‌കൂള്‍ കുട്ടികള്‍ തീപിടിച്ചു വെന്തു മരിച്ച കേസിലെ ശിക്ഷാവിധി മദ്രാസ് ഹൈക്കോടതി മരവിപ്പിച്ചു.

2004 ല്‍ ആണ് കുംഭകോണം ധാരാപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സമുച്ചയത്തിലുള്‍പ്പെട്ട സരസ്വതി പ്രൈമറി സ്‌കൂളില്‍ തീപിടിത്തമുണ്ടായത്.

94 സ്‌കൂള്‍ കുട്ടികളാണ് തീപിടുത്തത്തില്‍ വെന്തു മരിച്ചത്. ഈ കേസില്‍, പ്രതികളായ ഏഴുപേരുടെ ജീവപര്യന്തം തടവുശിക്ഷയാണ് കോടതി മരവിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ എം. സത്യനാരായണന്‍, വി.എം. വേലുമണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണു നടപടി.

കേസില്‍ സ്‌കൂള്‍ സ്ഥാപകന്‍ പളനിസാമിക്കു ജീവപര്യന്തം തടവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സന്താനലക്ഷ്മി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും മറ്റൊരാള്‍ക്കു രണ്ടു വര്‍ഷം കഠിന തടവുമാണ് 2014ല്‍ തഞ്ചാവൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

5,000 പേജുള്ള കുറ്റപത്രത്തില്‍ ആദ്യം 24 പേരെയാണു പ്രതിയാക്കിയത്. പിന്നീട്, അന്നത്തെ ചീഫ് എജ്യുക്കേഷനല്‍ ഓഫിസര്‍ സി. പളനിസാമി, കുംഭകോണം തഹസില്‍ദാര്‍ എസ്. പരമശിവം, എലമെന്ററി എജ്യുക്കേഷന്‍ ഡയറക്ടര്‍ എ. കണ്ണന്‍ എന്നിവരെ സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ, പ്രതികളുടെ എണ്ണം 21 ആയി കുറഞ്ഞു. 21 പ്രതികളില്‍ 11 പേരെ കോടതി കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്നു കണ്ടെത്തിയ 10 പേര്‍ക്കാണു തഞ്ചാവൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പളനിസാമി, വാസന്തി എന്നിവര്‍ ഒഴികെയുള്ളവരുടെ ശിക്ഷയാണു ഹൈക്കോടതി മരവിപ്പിച്ചത്.

Top