പട്ടിണിപ്പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല; ഇടതിനെതിരെ വിമര്‍ശനവുമായി കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ഇന്നുവരെ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അവര്‍ തങ്ങളുടെ സ്വന്തം മക്കളുടെ കോടികള്‍ വരുന്ന വ്യവസായത്തില്‍ മധ്യസ്ഥത പറയാനുള്ള തിടുക്കത്തിലാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന വികാസ് യാത്രയുടെ ഭാഗമായി കുന്നത്തൂര്‍ ശിവഗിരി കോളനിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളനി നിവാസികളായ പട്ടിണിപ്പാവങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കോടീശ്വരന്‍മാരുടെ കീശ വീര്‍പ്പിക്കാന്‍ കോടികള്‍ മുടക്കിയുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1967-കുടികിടപ്പ് നിയമപ്രകാരം ഏഴ് സെന്റ് ഭൂമി ലഭിച്ച പട്ടികജാതി കുടുംബം തലമുറകള്‍ കൂടിയപ്പോള്‍ ഈ സ്ഥലത്ത് അഞ്ചും, ആറും വീടുകള്‍ വെച്ച് അടുപ്പുകല്ല് കൂട്ടിയതുപോലെയാണ് താമസിക്കുന്നത്. മരിച്ചാല്‍ ശവദാഹം നടത്തണമെങ്കില്‍ വീട് പൊളിക്കേണ്ട സ്ഥിതിയാണ്. സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്കും ലക്ഷം ഹെക്ടര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഈ ഭൂമി തിരിച്ചെടുത്ത് പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആവാസ് യോജന പദ്ധതിപ്രകാരം ഭവനരഹിതര്‍ക്ക് വീടുവെയ്ക്കാന്‍ ആവശ്യത്തിന് പണം നല്‍കാന്‍ തയ്യാറുമാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഈ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ കേരളത്തില്‍ ഇതു കാരണം കഴിയുന്നില്ലെന്നും കുമ്മനം സൂചിപ്പിച്ചു.

പട്ടികജാതി മോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന നേതാക്കളായ രാജിപ്രസാദ്, രാധാമണി, വാര്‍ഡ് അംഗം രേണുക, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, പി.എന്‍.മുരളീധരന്‍പിള്ള, ആറ്റുപുറം സുരേഷ്, ആല്‍ഫാ ജയിംസ്, വി.എസ്. ജിതിന്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Top