kummanam against kodiyeri-malappuram by election

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വിവിധ വിഷയങ്ങളില്‍ കേരളാ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്ന കോടിയേരിയുടെ മുന്‍ പ്രസ്താവന കൂടി ഇതിനോട് കൂട്ടി വായിക്കണം. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞത്.

പിണറായി ഭരണം പരാജയമാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്കു നല്‍കാനും കോടിയേരി മറന്നില്ല. ഫലത്തില്‍ പിണറായിക്കെതിരായ ജനവിധിയായി മലപ്പുറം തിരഞ്ഞെടുപ്പിനെ മാറ്റാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളില്‍ കൂടി പുറത്തു വന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണ്. സിപിഎം കുഞ്ഞാലിക്കുട്ടിയുമായി ധാരണ ഉണ്ടാക്കിയാണ് മലപ്പുറത്ത് മത്സരിക്കുന്നത്.

തോല്‍വിയുടെ പേരില്‍ പിണറായി വിജയനെ രാജിവെപ്പിച്ച് ചുളുവില്‍ മുഖ്യമന്ത്രിയാകാനാണ് കോടിയേരി ശ്രമിക്കുന്നത്. മലപ്പുറത്ത് പരാജയപ്പെട്ടാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവിധി തേടുമോ എന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം ചോദിച്ചു.

ഇരുമുന്നണികളോടുമുള്ള ജനരോഷം ഈ തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല വോട്ടായി മാറും. ഇത് പ്രയോജനപ്പെടുത്താന്‍ തക്ക കഴിവുള്ള സ്ഥാനാര്‍ഥിയെയാണ് മലപ്പുറത്ത് ബിജെപി മത്സരിപ്പിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

Top