എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനാകാത്ത മുഖ്യമന്ത്രി മലയാളിക്ക് അപമാനമാണ് ;തുറന്നകത്തുമായി കുമ്മനം

kummanam rajasekharan

തിരുവനന്തപുരം : വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദത്തിന് തയ്യാറാണെന്നും എന്നാല്‍ അതില്‍നിന്ന് ബിജെപി ഒളിച്ചോടുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.

മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ തുറന്നടിച്ചത്.

രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പിണറായി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

ഭക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴില്‍, സംരഭകത്വം തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്ന ഗതികേട് കേരളത്തിനു മാത്രമേ ഉള്ളൂ. ജനരക്ഷാ യാത്ര കണ്ണൂര്‍ വിട്ടതോടെ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതായും അദ്ദേഹം കത്തില്‍ ആരോപിക്കുന്നുണ്ട്.

എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനാകാത്ത ഒരു മുഖ്യമന്ത്രി മലയാളിക്ക് അപമാനമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂര്‍ണ രൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ഭാരതീയ ജനതാപാര്‍ട്ടി നടത്തിയ ജനരക്ഷായാത്ര താങ്കളുടേയും താങ്കളുടെ പാര്‍ട്ടിയുടേയും സമനില തെറ്റിച്ചതായി മനസ്സിലാക്കുന്നു. അതുകൊണ്ടാണല്ലോ അങ്ങ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്നത്.

വികസന സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയെന്ന് താങ്കളുടെ അവകാശവാദം തെറ്റാണെന്ന് ആദ്യമേ പറയട്ടേ. ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം ആണെന്ന് താങ്കള്‍ക്കും അറിവുണ്ടാകുമല്ലോ? രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരിയായ താങ്കള്‍ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ത്ഥശൂന്യമാണ്. കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച്‌ വെച്ച്‌ സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാന്‍ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഇവിടെ വരേണ്ടി വന്ന സാഹചര്യം എന്തു കൊണ്ട് ഉണ്ടായെന്ന് ഇപ്പോഴും താങ്കള്‍ ചിന്തിക്കാത്തത് മലയാളിയുടെ ദൗര്‍ഭാഗ്യം എന്നേ പറയാനുള്ളൂ.

കേരളം ഭരിക്കുന്ന താങ്കളുടേയും താങ്കളുടെ പാര്‍ട്ടിയുടേയും കിരാത മുഖത്തേപ്പറ്റിയും ഇവിടുത്തെ സാമൂഹ്യ സാഹചര്യത്തേപ്പറ്റിയും സംസാരിക്കുന്നത് കേരളത്തിന് എതിരായ വിമര്‍ശമാണെന്ന താങ്കളുടെ കണ്ടെത്തല്‍ എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. കേരളം കൈവരിച്ച പുരോഗതിയ്ക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാര്‍ട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണ്. കേരളം പുരോഗതിയും ഉയര്‍ന്ന സാമൂഹ്യ നിലവാരവും നേടിയത് സമാജോദ്ധാരകരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ്. അവര്‍ ഉഴുതു മറിച്ച മണ്ണില്‍ നിന്ന് കൊയ്തെടുക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്. അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ആയിട്ടില്ല. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാന്‍ ഇവിടം ഭരിച്ച ആര്‍ക്കും സാധിച്ചിട്ടില്ല.

1956 മുതല്‍ മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ ഏത് മേഖലയിലാണ് മുന്നോട്ട് കൊണ്ടു പോയതെന്ന് നിങ്ങള്‍ പറയണം. ഇവിടുത്തെ അദ്ധ്വാന ശീലരായ ജനങ്ങള്‍ കടല്‍ കടന്ന് എല്ലുമുറിയെ പണിയെടുത്ത് അയയ്ക്കുന്ന വിദേശനാണ്യത്തിന്റെ പിന്‍ബലത്തില്‍ ഗീര്‍വാണം മുഴക്കുന്നതാണോ കേരളാ വികസനം? ആകെയുള്ള വരുമാന മാര്‍ഗ്ഗമായ മദ്യം വിറ്റും ലോട്ടറി വിറ്റും കിട്ടുന്ന പണം കടം വീട്ടാന്‍ പോലും തികയാറുണ്ടോയെന്ന് ധനകാര്യ മന്ത്രിയോട് സമയം കിട്ടുമ്ബോള്‍ ചോദിക്കണം. അന്യസംസ്ഥാന ലോറികള്‍ ചെക് പോസ്റ്റില്‍ കുടുങ്ങി 2 ദിവസം വൈകിയാല്‍ മലയാളിയുടെ അടുപ്പ് പുകയുമോയെന്ന് മുഖ്യമന്ത്രി പറയണം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കിട്ടാന്‍ തമിഴന്റേയും തെലുങ്കന്റേയും ഔദാര്യത്തിന് കാക്കേണ്ട മലയാളിയെ സൃഷ്ടിച്ചതാണ് രണ്ടു മുന്നണികളുടേയും ഇത്രനാളത്തെ ഭരണ മികവ്. ഗള്‍ഫ് പണം ഉള്ളതു കൊണ്ട് മലയാളി പട്ടിണി കൂടാതെ കഴിയുന്നു എന്നതല്ലേ സ്ഥിതി.

നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ മാതൃകയാക്കാന്‍ താങ്കള്‍ ശ്രമം തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. വൈകി ഉദിച്ച ഈ വിവേകത്തിന് ഞാന്‍ നന്ദി പറയുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു സംരംഭം തുടങ്ങാന്‍ വരുന്നവനെ ബൂര്‍ഷ്വായെന്ന് മുദ്ര കുത്തി, നോക്കു കൂലി വാങ്ങിയും അനാവശ്യ സമരങ്ങള്‍ നടത്തിയും ഈ നാട്ടില്‍ നിന്ന് കെട്ടു കെട്ടിച്ചത് താങ്കളുടെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകാന്‍ ദി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്‌ട് 2017 അല്ല വേണ്ടത് താങ്കളുടെ പാര്‍ട്ടിയുടെ മനോഭാവം മാറിയാല്‍ മാത്രം മതിയാകും. നീതി ആയോഗ് പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നിലാണ് കേരളം. കേരളത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് താങ്കളുടെ മുന്നണിയും പ്രതിപക്ഷ മുന്നണിയും ചേര്‍ന്നാണെന്ന കാര്യത്തില്‍ അങ്ങേക്കും തര്‍ക്കമുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യവസായ അനുമതി 9 ദിവസം കൊണ്ട് കിട്ടുമ്ബോള്‍ താങ്കള്‍ ഭരിക്കുന്ന കേരളത്തില്‍ അതിനെടുക്കുന്ന സമയം 214 ദിവസമാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശങ്ങളില്‍ പോലും അറിയപ്പെടുന്ന നമ്മുടെ കേരളത്തെ വിനോദ സഞ്ചാരികള്‍ കൈയ്യൊഴിഞ്ഞ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവിന്റെ കാര്യത്തില്‍ കേരളം ഏഴാമതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ആദ്യ പത്തില്‍ പോലും കേരളമില്ല. മലയാളിക്ക് ഈ നാണക്കേട് സമ്മാനിച്ചതും നിങ്ങളൊക്കെ തന്നെയാണ്. അല്ലാതെ ബിജെപി നേതാക്കളല്ല.

കൊട്ടിഘോഷിച്ച കേരളാ മോഡല്‍ ആരോഗ്യ മേഖല ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. അഞ്ചാംപനി മരണത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനം ഈ കൊച്ച്‌ കേരളത്തിനാണ്. ഡെങ്കിപ്പനി ബാധയുടെ കാര്യത്തില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനവും കേരളത്തിന് വാങ്ങിക്കൊടുക്കാന്‍ നിങ്ങളുടെയൊക്കെ ഭരണത്തിനായിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച്‌ ഡെങ്കിപ്പനി മരണം കേരളത്തിലാണ് ഏറ്റവും കൂടുതല്‍. കഴിഞ്ഞ സീസണില്‍ മാത്രം ആയിരത്തോളം പനി മരണം കേരളത്തില്‍ ഉണ്ടായതും അങ്ങ് മറക്കാനിടയില്ല. ഇക്കാര്യത്തിലെങ്ങും യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ഇല്ലെന്നും അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ. ഭക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴില്‍, സംരഭകത്വം തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരുന്ന ഗതികേട് മലയാളിക്കല്ലാതെ രാജ്യത്തെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടോ?

തൊഴിലില്ലായ്മ, ഭക്ഷ്യോത്പന്ന ദൗര്‍ലഭ്യം, പാര്‍പ്പിട ലഭ്യത, മാലിന്യ പ്രശ്നം, ശുദ്ധജല ലഭ്യത, പട്ടിണി മരണം സംഭവിക്കുന്ന ആദിവാസി മേഖല, പരിസ്ഥിതി നശീകരണം ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കേരളം പിന്നോട്ട് പോയ മേഖലകള്‍ നിരധിയുണ്ട്. ശരിയാണ് കേരളം പലതിലും മുന്‍പന്തിയിലായിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച്‌ കേരളത്തെ പിന്നോട്ടടിച്ചിട്ടേ ഉള്ളൂ. ഗതകാല പ്രൗഢി അയവിറക്കി ജീവിക്കലല്ല ഒരു നല്ല ഭരണാധികാരിയുടെ ലക്ഷ്യം. മികച്ച അടിത്തറ കിട്ടിയിട്ടും അത് മുതലാക്കാതെ നാടിനെ കട്ടുമുടിച്ചവരെന്നാകും താങ്കള്‍ ഉള്‍പ്പടെയുള്ള ഭരണാധികാരികളെ വരും തലമുറ വിലയിരുത്താന്‍ പോകുന്നത്. ഇതൊക്കെ കേരളത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യം മാത്രമാണ്. ഇത് വിളിച്ചു പറയുന്നവരല്ല കേരളത്തിന്റെ ശത്രുക്കള്‍. അതിന് കാരണക്കാരായവരാണ്. മലയാളികളെ ഇത്ര നാളും വഞ്ചിച്ച്‌ നേതാക്കള്‍ ചമഞ്ഞു നടക്കുന്ന താങ്കളേപ്പോലുള്ളവരാണ്?

സ്വന്തം ഭരണത്തിന്‍ കീഴില്‍ എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനാകാത്ത ഒരു മുഖ്യമന്ത്രി മലയാളിക്ക് അപമാനം തന്നെയാണ്. ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനെപ്പറ്റി ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണ്. പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാന്‍ ജനാധിപത്യപരമായ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമോ അതെല്ലാം ബിജെപി ഇനിയും സ്വീകരിക്കും. അതില്‍ പരിഭവിക്കുകയല്ല വേണ്ടത്. സ്വന്തം കടമ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. ബിജെപി നേതാക്കള്‍ ആരുടേയോ കണ്ണു ചൂഴ്നെന്നെടുക്കുമെന്നും തലവെട്ടുമെന്നും പറഞ്ഞതായി താങ്കള്‍ പ്രസ്താവിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ പാണ്ഡേ എന്താണ് പറഞ്ഞതെന്ന് അങ്ങേക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്ന പ്രവര്‍ത്തി തുടര്‍ന്നാല്‍ കണ്ണ് ചൂഴ്ന്നെടുക്കേണ്ടി വരുമെന്നാണ് അവര്‍ പറഞ്ഞത്. ആ സാഹചര്യം കേരളത്തില്‍ ഉണ്ടോയെന്ന് പറയേണ്ടത് താങ്കളാണ്. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേരളത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണ് ചൂഴ്ന്നെടുത്ത പ്രസ്ഥാനം താങ്കളുടേതാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ എബിവിപി നേതാവായിരുന്ന സനൂപ് എന്ന ചെറുപ്പക്കാരനെ ഒറ്റക്കണ്ണനാക്കിയത് എസ്‌എഫ്‌ഐ എന്ന ഭീകര സംഘടനയാണ്. കല്ലെറിഞ്ഞും ചുട്ടും കൊത്തിനുറുക്കിയുമൊക്കെ എതിരാളികളെ കൊന്നു തള്ളിയ പാരമ്ബര്യമുള്ള താങ്കളും താങ്കളുടെ പാര്‍ട്ടിയും ഇപ്പോള്‍ സമാധാനത്തേപ്പറ്റി സംസാരിക്കുന്നു എന്നത് തന്നെ യാത്രയുടെ വിജയമാണ്.

സമാധാന ശ്രമങ്ങളെപ്പറ്റി താങ്കള്‍ വാചാലമായി പറഞ്ഞിരിക്കുന്നുണ്ടല്ലോ? സമാധാന ശ്രമങ്ങള്‍ തുടങ്ങിയതിന് ശേഷം മാത്രം 5 ബിജെപി പ്രവര്‍ത്തകരെയാണ് താങ്കളുടെ പാര്‍ട്ടിക്കാര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. അതേപ്പറ്റി എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്? ജനരക്ഷാ യാത്ര സമാധാനപരമായി തീര്‍ന്നത് താങ്കളുടെ എന്തോ മഹത്വം കൊണ്ടാണെന്ന് കരുതരുത്. ബിജെപി പ്രവര്‍ത്തകരുടെ ത്യാഗവും വിട്ടുവീഴ്ചാ മനോഭാവവും മാത്രമാണ് ജനരക്ഷായാത്ര സമാധാനപരമായി അവസാനിക്കാന്‍ കാരണം. ജനരക്ഷായാത്രയ്ക്കായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി കേരളത്തില്‍ നശിപ്പിക്കപ്പെട്ട കാര്യം പൊലീസ് താങ്കളെ അറിയിച്ചിട്ടുണ്ടാകുമല്ലോ? ഇക്കാര്യത്തെപ്പറ്റി ഡിജിപിയോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.

ജനരക്ഷാ യാത്ര കണ്ണൂര്‍ വിട്ടതോടെ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. യാത്ര പാലക്കാട് എത്തിയപ്പോള്‍ തലശ്ശേരി പൊന്ന്യം പാലത്തിന് സമീപം ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കെ എം സുധീഷിനെ ഓട്ടോറിക്ഷയില്‍ നിന്ന് വിളിച്ചിറക്കി ഇരു കാലുകളും വെട്ടി പരുക്കേല്‍പ്പിച്ചു. ജനരക്ഷായാത്ര മലപ്പുറത്ത് എത്തിയപ്പോള്‍ കണ്ണൂര്‍ പത്തായക്കുന്നിലുള്ള ബിജെപിയുടെ പാട്യം പഞ്ചായത്ത് ഓഫീസ് ബോംബെറിഞ്ഞ് തകര്‍ത്താണ് സിപിഎം പ്രതികാരം വീട്ടിയത്. പാനൂര്‍ കൈവേലിക്കല്‍ സിപിഎം ജാഥയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന വ്യാജ പ്രചരണം നടത്തിയും പ്രദേശത്ത് സിപിഎം അക്രമം അഴിച്ചു വിട്ടു. യാത്ര കൊല്ലത്തെത്തിയപ്പോള്‍ ആര്‍എസ്‌എസ് കണ്ണൂര്‍ മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് പി നിധീഷിനെ മാരകമായി വെട്ടി പരുക്കേല്‍പ്പിച്ചാണ് സിപിഎം അടക്കി വെച്ച അസഹിഷ്ണുത പുറത്തെടുത്തത്. കുണ്ടറ പേരയത്തും ജാഥ കഴിഞ്ഞ മടങ്ങിപ്പോയ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. യാത്ര കഴിഞ്ഞ് മടങ്ങിപ്പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായി കല്ലേറുണ്ടായതും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവും. എന്നിട്ടും യാത്രയെ സിപിഎം സഹിഷ്ണുതയോടെ നേരിട്ടു എന്ന താങ്കളുടെ പ്രസ്താവന തികഞ്ഞ അവജ്ഞയോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളൂ.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്. കേന്ദ്രഫണ്ടും നികുതി വിഹിതവും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് സമ്മതിക്കുന്നു. പക്ഷേ അത് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന തോതില്‍ കിട്ടുന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലം തന്നെയാണ്. അതു കൊണ്ടാണല്ലോ വികസന കാര്യത്തില്‍ നേരത്തെ 8 മന്ത്രിമാര്‍ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതിനേക്കാള്‍ പരിഗണന ഇപ്പോള്‍ കേരളത്തിന് കിട്ടുന്നുണ്ടെന്ന് താങ്കള്‍ക്കും സഹമന്ത്രിമാര്‍ക്കും പറയേണ്ടി വന്നത്. വികസന കാര്യത്തെപ്പറ്റി സംവാദത്തിന് ബിജെപി എപ്പോഴും തയ്യാറാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

സ്നേഹത്തോടെ,
കുമ്മനം രാജശേഖരന്‍
സംസ്ഥാന അദ്ധ്യക്ഷന്‍, ബിജെപി കേരളം.

Top