തിരുവനന്തപുരം ടി.പി. സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് എഡിജിപി മോഷ്ടിച്ച് കടത്തിയെന്ന വെളിപ്പെടുത്തല്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. മറിച്ച്, തച്ചങ്കരിയുടെ മേലുദ്യോഗസ്ഥനായിരുന്നയാളാണ്. അതിനാല്‍ തന്നെ ഈ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ മോഷ്ടിച്ച് നിയമം ലംഘിച്ച തച്ചങ്കരിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വെളിപ്പെടുത്തല്‍ നടത്തിയ സെന്‍കുമാറിനെ കേസില്‍ കക്ഷിയാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
തീവ്രവാദ സ്വഭാവമുള്ള വ്യക്തികളെ വിദേശത്തെത്തി സന്ദര്‍ശിച്ചതായി മുന്‍പ് കണ്ടെത്തിയിട്ടും സര്‍ക്കാരുകളുടെ ഔദാര്യം മൂലം സര്‍വീസില്‍ തുടരുന്നയാളാണ് തച്ചങ്കരിയെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
നിരവധി ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തച്ചങ്കരിയെ നിര്‍ണ്ണായക പദവിയില്‍ അവരോധിച്ചത് എന്തിനാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.
പിണറായി വിജയന് തച്ചങ്കരിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി മാറിയ തച്ചങ്കരിയെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു