കേരള ഗവര്‍ണര്‍; അവസാന റൗണ്ടില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവിയും

തിരുവനന്തപുരം: പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ കേരള ഗവര്‍ണറായി ഇനി ആരെത്തും എന്നുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം പി സദാശിവത്തിന്റെ കാലാവധി നീട്ടി നല്‍കാന്‍ സാധ്യത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജ്യത്ത് 13 ഗവര്‍ണര്‍മാരുടെ പദവികള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.

അതേസമയം സദാശിവം പോയാല്‍ കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനാകാന്‍ സാധ്യതയുള്ള വ്യക്തികളുടെ പേരുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയ പേരുകള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച് പാര്‍ട്ടി നിര്‍ദേശാനുസരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കുമ്മനം രാജശേഖരന്‍ വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തോട് താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പിണറായി സര്‍ക്കാറുമായി സുപ്രീംകോടതിവരെ കേസ് നടത്തി ഡി.ജി.പി പദവി നേടിയ ടി.പി. സെന്‍കുമാറിന് ഗവര്‍ണര്‍ പദവി നല്‍കുന്നത് ഗുണമാകുമെന്ന് ബി.ജെ.പിക്കിടയില്‍ അഭിപ്രായമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി നേതാവായ ഒരാള്‍ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ മേല്‍ സമ്മര്‍ദം വര്‍ധിക്കും. അത്തരമൊരു നീക്കമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് സെന്‍കുമാറിനുള്ള അനുകൂല ഘടകം.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കേരള ഗവര്‍ണര്‍ ആയിരുന്ന ഷീല ദീക്ഷിത് രാജിവെച്ചതിന് പിന്നാലെയാണ് തമിഴ്നാട്ടുകാരനായ സദാശിവം കേരള ഗവര്‍ണറായി നിയമിതനാകുന്നത്. 2014 സെപ്തംബര്‍ 5 നായിരുന്നു അദ്ദേഹം ചുമതലയേറ്റത്. സുപ്രീം കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസുമാരായി വിരമിച്ച നാല്‍പ്പത് പേരില്‍ ആദ്യമായി ഗവര്‍ണറാകുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

പൊതുവേ ജനപ്രിയനായ ഗവര്‍ണറായിരുന്നു സദാശിവം എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് സദാശിവത്തോട് അത്ര താത്പര്യം ഇല്ല. ബിജെപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മറ്റ് പാര്‍ട്ടികള്‍ക്ക് ചെവികൊടുക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍ എന്ന വിമര്‍ശനം ബിജെപി കേരള നേതാക്കള്‍ സദാശിവത്തിനെതിരെ ഉയര്‍ത്തിയിരുന്നു.

Top