ന്യൂഡല്‍ഹി: മന്ത്രിയാകാനല്ല ഡല്‍ഹിയില്‍ എത്തിയതെന്ന് കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കുമ്മനത്തെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത് മന്ത്രി പദവി നല്‍കാന്‍ തന്നെയാണെന്ന വിലയിരുത്തലിലായിരുന്നു രാഷ്ട്രീയകേരളം. എന്നാല്‍, തന്നെ വിളിപ്പിച്ചതല്ലെന്നാണ് കുമ്മനം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ 6.05നുള്ള വിമാനത്തിലായിരുന്നു കുമ്മനം ഡല്‍ഹിക്ക് തിരിച്ചത്.
കുമ്മനത്തെക്കൂടാതെ വി.മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിസഭയില്‍ കേരളത്തിന് പ്രതിനിധ്യം കിട്ടുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുള്‍പ്പെടെ പ്രമുഖനേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. ഇവിടെ ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കേരളത്തിലെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കരുതുന്നത്.
കേന്ദ്ര മന്ത്രിസഭയില്‍ നിലവിലെ മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, സുഷമാ സ്വരാജ്, സ്മൃതി ഇറാനി, രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരും. എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേനയ്ക്കും ജനതാദളിനും ഓരോ കാബിനറ്റ് മന്ത്രി സ്ഥാനവും സഹമന്ത്രി സ്ഥാനവും ലഭിക്കും. അകാലിദളിനും അപ്നാ ദളിനും മന്ത്രിസ്ഥാനമുണ്ടാകും. എന്നാല്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയില്‍ ഉണ്ടാകില്ല. അദ്ദേഹം അധ്യക്ഷസ്ഥാനം തന്നെയാകും വഹിക്കുക.