തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂര്‍കാവില്‍ മത്‌സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.
മത്സരിക്കണമെന്ന് തനിക്ക് ആഗ്രഹമില്ല. മത്സരിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. വട്ടിയൂര്‍കാവില്‍ ആരാണ് മത്സരിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ് കുമ്മനം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വട്ടിയൂര്‍കാവില്‍ താന്‍ മത്സരിച്ചിരുന്നു. മത്സരത്തില്‍ പരാജയപ്പെടാന്‍ കാരണം സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളി നടത്തിയതിനാലാണ്. സിപിഎം വോട്ടു കച്ചവടം നടത്തി. ഇക്കാര്യം മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. മുരളീധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെ സിപിഎം നടപടിയെടുക്കുകയും ചെയ്തിരുന്നു. വോട്ട് മറിക്കുന്ന ഈ രീതി കേരളത്തില്‍ കാലങ്ങളായി നില നില്‍ക്കുന്നതാണ്, കുമ്മനം വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യമുന്നയിച്ചിരുന്നു.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 24ന് വോട്ടെണ്ണലും പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4നുമാണ്.
കേരളത്തില്‍ കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.