തിരുവനന്തപുരം: കേരളത്തില്‍ അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് മുന്നണികള്‍.
വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.
അതിനിടെ, പാര്‍ട്ടി പറയുകയാണെങ്കില്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എന്‍.പീതാംബരക്കുറുപ്പ് വ്യക്തമാക്കി.
പീതാംബരക്കുറുപ്പിനെ കൂടാതെ പത്മജ വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകളാണ് വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളതെന്നും സൂചനയുണ്ട്.
ഇടത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും നിര്‍ണായ ചര്‍ച്ചകളാണ് നടക്കുന്നത്. കെ.എസ്.സുനില്‍ കുമാര്‍, വി.കെ.പ്രശാന്ത്, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 24ന് വോട്ടെണ്ണലും പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4നുമാണ്.
കേരളത്തില്‍ കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.