തിരുവനന്തപുരം: ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ പ്രതിഫലിച്ചത് കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരായ പ്രതിഷേധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.സംസ്ഥാന സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ് ഹര്‍ത്താലില്‍ കണ്ടതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്,ജിഷ,മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും കുമ്മനം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഒരു വിഭാഗം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് കേരളത്തിലെ ഇടത് ഗവണ്‍മെന്റിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധവികാരവും, വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ്.
മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്,ജിഷ,മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂഹര്‍ജി നല്‍കിയിട്ടുണ്ട്.