തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 15 ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പൊലീസിന് കഴിഞ്ഞില്ല. പല വ്യക്തികളും സംശയത്തിന്റെ നിഴലിലാണ്. യഥാര്‍ഥ സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം തുടരുകയാണ്.
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത നാലു പേരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. മണിയുടെ മേക്കപ്മാന്‍ പൂപ്പത്തി സ്വദേശി ജയറാമിനെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള പത്തു പേരില്‍ അരുണ്‍, വിപിന്‍, മുരുകന്‍, പട്ടര് ബിനു എന്നീ സഹായികളെയാണ് വിശദമായ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ദുരൂഹതയുണ്ടെന്ന് മണിയുടെ ഭാര്യ നിമ്മിയും ആരോപിച്ചിരുന്നു.