Kummanam Rajasekharan-kasargode-bjp-harthal

കൊച്ചി: സംസ്ഥാനത്തെ സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നാണ് ചെറുവത്തൂരിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അവരെ സഖാക്കന്മാരായി മാറ്റാനാണ് ശ്രമം. ചെറുവത്തൂരിലെ സംഘര്‍ഷം ഏകപക്ഷീയമാണ്. പ്രവര്‍ത്തകരോടും നേതാക്കളോടും റോഡിലൂടെ സഞ്ചരിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. ഇത് അരാജകത്വമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരായി രംഗത്തുവരണമെന്നും കുമ്മനം വ്യക്തമാക്കി.

സംഘടനാ സ്വാതന്ത്രമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. സി.പി.എം നീക്കത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്ത ശേഷവും തുടരുന്ന അക്രമങ്ങളെക്കുറിച്ച് സി.പി.എം മറുപടി പറയണം.

പിണറായി വിജയന്‍ പാര്‍ട്ടി നേതാവിനപ്പുറം മുഖ്യമന്ത്രിയായി ഉയരണമെന്നും സംഘര്‍ഷങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.

Top