തിരുവനന്തപുരം: ജയരാജന്റെ നടപടിയെ മഹത്വവല്‍ക്കരിക്കുന്ന സിപിഐഎം നിലപാട് അപഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തില്‍ യുഡിഎഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. നിയമന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അതിനെ ജയരാജന്‍ ന്യായീകരിക്കാന്‍ മുതിര്‍ന്നതും അതു കൊണ്ടാണെന്ന് വ്യക്തമാണെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച ഇ പി ജയരാജന്റെ നടപടിയെ മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്. അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തില്‍ യുഡിഎഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. നിയമന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അതിനെ ജയരാജന്‍ ന്യായീകരിക്കാന്‍ മുതിര്‍ന്നതും അതു കൊണ്ടാണ്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിജിലന്‍സിനെ സമീപിച്ചതോടെ ജയരാജനെ ബലികഴിച്ച് സ്വന്തം കസേര രക്ഷിച്ചെടുക്കുകയാണ് പിണറായി ചെയ്തത്. അതിനാല്‍ തന്നെ വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായം. മാത്രമല്ല ഈ മന്ത്രിസഭയില്‍ സ്വജനപക്ഷ പാതം കാണിച്ച എല്ലാ മന്ത്രിമാരേയും പുറത്താക്കണം. വ്യവസായ വകുപ്പില്‍ മാത്രമല്ല എല്ലാ വകുപ്പുകളിലും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തി നിറച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഇ പി ജയരാജനെ പുറത്താക്കിയതോടെ അക്കാര്യമെല്ലാം മൂടിവെക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അത് പുറത്തു കൊണ്ടുവരാനുള്ള ശ്രമം ബിജെപി ഊര്‍ജ്ജിതമാക്കും. ബന്ധുനിയമന കാര്യത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂ. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ഇക്കാര്യം മറന്നാണ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ ഇപ്പോള്‍ അട്ടഹസിക്കുന്നത്. അഴിമതിയുടേ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പിണറായി സര്‍ക്കാരും. ഇരു മുന്നണികളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ജയരാജന്റെ രാജി ഉയര്‍ത്തി അത്തരമൊരു അവകാശ വാദം ഉന്നയിക്കാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമം അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ്.