തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.
എം.കെ.ദാമോദരന്‍ പിന്‍മാറിയതു കൊണ്ടു മാത്രം കാര്യമില്ല, നിയമന ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറലുള്ളപ്പോള്‍ സമാന്തരമായ മറ്റൊരു അധികാര സ്ഥാപനം പാടില്ലെന്നും കുമ്മനം പറഞ്ഞു.
ദാമോദരന്റെ നിയമനം തെറ്റായതുകൊണ്ടാണ് അദ്ദേഹം പിന്‍മാറിയത്. അതിനാല്‍ തെറ്റായ ഉത്തരവ് പിന്‍വലിച്ച് നിയമോപദേഷ്ടാവ് നിയമനമെന്ന വിവാദം വിഷയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്മനം നല്‍കിയ പൊതു താത്പര്യഹര്‍ജിയിലാണ് എംകെ ദാമോദരന്‍ നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
വിവാദങ്ങള്‍ ശക്തമായതിനാലാണ് നിയമോപദേഷ്ടാവ് പദവിയില്‍ നിന്ന് എം കെ ദാമോദരന്‍ പിന്‍മാറിയത്. നിയമന ഉത്തരവ് ഇതുവരെ അദ്ദേഹം കൈപറ്റിയിരുന്നില്ല.
എംകെ ദാമോദരനെ മാറ്റുന്നതാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുളള ഏക പോംവഴിയെന്ന അഭിപ്രായം മുന്നണിക്കുളളില്‍ തന്നെ ശക്തമായിരുന്നു.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പരസ്യനിലപാടുമായി മുന്നോട്ടു വന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.