തിരുവനന്തപുരം : സര്‍ക്കാരും പൊലീസും നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ബിജെപി കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
വ്യാപക അക്രമത്തിന് വഴിമരുന്നിട്ട കോടിയേരിയുടെ വിവാദമായ ‘പാടത്ത് പണി, വരമ്പത്ത് കൂലി’ പ്രസംഗത്തെ കുറിച്ച് അദ്ദേഹം പുനര്‍വിചിന്തനം നടത്തണമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.
കോടിയേരിയുടെ പ്രസംഗം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പരിശോധനയില്‍ കണ്ടെത്താനായില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈമാറും.
കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ ഉളളടക്കം പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടിയേരി പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സംയുക്തമായി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അന്വേഷണസംഘത്തോട് നിര്‍ദ്ദേശിച്ചത്.