തിരുവനന്തപുരം : കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ബിജെപി തലശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെ.കെ പ്രേമന് നേരയുള്ള വധഭീഷണിയും അദ്ദേഹത്തിന്റെ വീടിനു നേരെയുള്ള അക്രമവും ഇതിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കുമ്മനം പറഞ്ഞു
കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ആയുധം താഴെവെക്കാന്‍ സിപിഎം തയ്യാറല്ലെന്ന പ്രഖ്യാപനമാണ്. സമാധാന യോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്ന നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം പുന:സ്ഥാപിക്കപ്പെട്ട ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകള്‍ നടക്കുന്നുണ്ട്.
ബാലഗോകുലം മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സിപിഎം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മിനിറ്റുകളുടെ ഇടവേളയിലാണ് സിപിഎം ഘോഷയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ഇതില്‍ നിന്ന് പിന്‍മാറാനുള്ള വിവേകം സിപിഎം നേതൃത്വം കാണിക്കണം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും രംഗത്തുവരണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.