kummanam rajashekharan on reacts on police brutality against mother of jishnu

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടന്ന അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ക്രിമിനലുകള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ക്രിമിനലുകള്‍ക്കു മാത്രമാണ് അതില്‍ അസ്വാഭാവികത തോന്നാത്തത്. സിപിഎമ്മിലെ തന്നെ ജനാധിപത്യ ബോധമുള്ളവര്‍ അതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ടെന്നും കുമ്മനം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പിണറായി വിജയന്‍, എം.എം. മണി, പി. ജയരാജന്‍ എന്നിവര്‍ മാത്രമാണ് സംഭവത്തെ ന്യായീകരിക്കുന്നത്. പൊലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ച സ്ഥിതിക്ക് അന്വേഷണം പ്രഹസനം ആകുമെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു അന്വേഷണമെന്ന് മനസ്സിലാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. പിണറായി വിജയന്‍ ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാന്‍ തയാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Top