ശബരിമല; സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് കുമ്മനം

Kummanam rajasekharan

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തയാറാകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തൃപ്തി ദേശായിയ്ക്കും സംഘത്തിനും ശബരിമല സന്ദര്‍ശനത്തിനുള്ള വഴിയൊരുക്കിയാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തി ദേശായിയുടെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഫലമാണെന്നും കുമ്മനം പറഞ്ഞു. ശബരിമല തീര്‍ഥാടന മഹോത്സവം നടക്കരുതെന്നാഗ്രഹിക്കുന്ന ഒട്ടേറെ ശക്തികളുണ്ട്. ശബരിമലയിലെ സമാധാനം ഇല്ലാണ്ടാക്കിയും ആചാരങ്ങളും വിശ്വാസങ്ങളും ലംഘിച്ചും ഭക്തരുടെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കാണുന്നത് തികച്ചും ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.

ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പോലീസും സര്‍ക്കാരും കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസവും ആചാരവും സംരക്ഷിച്ച് സമാധാനപരമായ തീര്‍ഥാടനം നടത്തുന്നതിന് ഭക്തജനങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടിയെടുക്കണമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Top