വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് കുമ്മനം

ആലപ്പുഴ: കേരള ചരിത്രത്തില്‍ വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ സഹായവും നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും കുമ്മനം വ്യക്തമാക്കി.

ആലപ്പുഴയില്‍ പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഏഴു കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വികസന ഫണ്ടാണ് മോദി നല്‍കിയതെന്നും, ശരിയായ പദ്ധതികളും കൃത്യമായ കണക്കുകളും അവതരിപ്പിച്ചാല്‍ ഇനിയും സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും, ശരിയായ പദ്ധതികള്‍ സമര്‍പ്പിക്കുന്നതില്‍ സംസ്ഥാനം പലപ്പോഴും പരാജയപ്പെടുന്നതായും കുമ്മനം ചൂണ്ടിക്കാട്ടി.

എയിംസിനായി കേന്ദ്രം അനുമതി നല്‍കിയെങ്കിലും സ്ഥലം നല്‍കാന്‍ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നും, റോഡ് വികസനത്തിനായി 8000 കോടി ചോദിച്ചപ്പോള്‍ 37000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യവസായങ്ങള്‍, കൃഷി, മത്സ്യ മേഖല തുടങ്ങി എല്ലാ മേഖലയും തകര്‍ന്നിരിക്കുന്നുവെന്നും, കുട്ടനാട് പാക്കേജിനായി ഫണ്ട് നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നും, കയര്‍ മേഖല തകര്‍ന്നെന്നും, തൊഴിലാളികള്‍ പട്ടണിയിലാണെന്നും, നാളികേര കര്‍ഷകരുടെ നില പരിതാപകരമാണെന്നും കുമ്മനം ആരോപിച്ചു.

വികസനത്തില്‍ കേരളത്തെ പിന്‍തള്ളി മറ്റ് സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ ഇവിടെ അക്രമവും അഴിമതി മുന്നേറുകയാണെന്നും, കേരളത്തില്‍ നിലനില്‍ക്കുന്ന ഭയാശങ്കകള്‍ ഭരണകര്‍ത്താക്കള്‍ മാറ്റിയാല്‍ കേരളത്തിനും വികസിക്കാനാവുമെന്നും കുമ്മനം പറഞ്ഞു.

Top