ന്യൂഡല്‍ഹി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുമെന്ന് ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഡല്‍ഹിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനുമായി കുമ്മനം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതല യോഗം വിളിക്കുമെന്ന് കേന്ദ്രം കുമ്മനത്തിന് ഉറപ്പ് നല്‍കി.
വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
കുറിഞ്ഞി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 26 A അനുസരിച്ച് ദേശീയ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും, 2006 ല്‍ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.