തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരള പൊലീസിലെ ആര്‍ എസ് എസുകാരായ ഉദ്യോഗസ്ഥരുടെ പേര് പറയാന്‍ ആനി രാജ തയ്യാറാകണം. ആര്‍എസ്എസിനെ രാഷ്ട്രീയ നേട്ടത്തിനായി അനാവശ്യമായി വലിച്ചിഴയ്ക്കാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.
കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആനി രാജ വിമര്‍ശിച്ചു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.