കുരീപ്പുഴയെ കയ്യേറ്റം ചെയ്തിട്ടില്ല, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുമ്മനം

kummanam rajasekharan

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. കുരീപ്പുഴയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കടയ്ക്കലില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായിരുന്നു. ഇട്ടിവ പഞ്ചായത്തംഗം ദീപു ഉള്‍പ്പെടെ ആറു പേരെയാണു കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദീപു, മനു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത് എന്നിവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം റൂറല്‍ എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു കുരീപ്പുഴയെ ഒരു സംഘം തടയുകയായിരുന്നു.

അതേസമയം, പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചു കുരീപ്പുഴയ്‌ക്കെതിരെ ബിജെപി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top