തിരുവനന്തപുരം: ബി.ജെ.പിയെ ആശയം കൊണ്ടും ആദര്‍ശം കൊണ്ടും നേരിടാനാവില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ആദര്‍ശാധിഷ്ഠിത പാര്‍ട്ടിയായ ബി.ജെ.പിയെ നിങ്ങള്‍ക്ക് നേരിടാനാവില്ല. കള്ളക്കേസുകളുണ്ടാക്കി മാത്രമെ നേരിടാനാവൂ, നേതാക്കളെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല, ബി.ജെ.പിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് പിണറായി സര്‍ക്കാറിന്റെ നയമാണ്. കെ. സുരേന്ദ്രന്റെ പിന്നില്‍ എല്ലാ പ്രവര്‍ത്തകരും പാറപോലെ ഉറച്ച് നില്‍ക്കുമെന്നും ആ പാറ തകര്‍ക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.
നിങ്ങള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നത് ഭീരുത്വംകൊണ്ടാണ്. കള്ളക്കേസില്‍ കുടുങ്ങി പാര്‍ട്ടി തകര്‍ന്ന് പോകും എന്ന് വ്യാമോഹിക്കേണ്ട. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത് റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നിലാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.