Kummanam’s stand on vote trading, a counter to Vellappally?

തിരുവനന്തപുരം: ബിജെപി ആരുമായും നീക്കുപോക്ക് നടത്തില്ലെന്നും താന്‍ പ്രസിഡന്റായിരിക്കുന്നടത്തോളം അത് നടക്കില്ലെന്നും തുറന്നടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വെളിപ്പെടുത്തല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള വ്യക്തമായ സന്ദേശം.

ബിജെപി വളര്‍ന്നത് ആരുടെയും ഔദാര്യമല്ലെന്ന് പറഞ്ഞ കുമ്മനം നിരവധി ബലിദാനികളുള്ള പാര്‍ട്ടിയാണിതെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തിരുന്നു.

ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ബിജെപി വോട്ട് കച്ചവടം നടത്താന്‍ ധാരണയായതായും ഇതിന് ഇടനിലക്കാരന്‍ വെള്ളാപ്പള്ളി നടേശനാണെന്നും ആരോപിച്ച് സിപിഎം പ്രചരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ബിജെപി പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

മൈക്രോ ഫിനാന്‍സ്, ശാശ്വതികാനന്ദയുടെ ദുരൂഹമരണം തുടങ്ങിയവയില്‍ വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഭരണമാറ്റം വന്നാല്‍ പകപോക്കുമെന്ന് ഭയന്ന് വെള്ളാപ്പള്ളിയും സംഘവും ഇടത് ഭരണം വരാതിരിക്കാന്‍ കൈവിട്ട കളി നടത്തുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലടക്കം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ശക്തമായാണ് എസ്എന്‍ഡിപി യോഗം-ബിഡിജെഎസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി എം എം മണിയെയും പീരിമേടിലെ സ്ഥാനാര്‍ത്ഥി ബിജിമോളെയും അധിക്ഷേപിച്ച് സംസാരിച്ച വെള്ളാപ്പള്ളിയുടെ നിലപാടും ഏറെ വിവാദമായിരുന്നു.

സിപിഎം വോട്ട് ബാങ്കായ ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എസ്എന്‍ഡിപി യോഗം ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഖ്യമുണ്ടാക്കിയതെങ്കിലും സമുദായത്തിന്റെ പിന്‍തുണ എത്രമാത്രം ബിഡിജെഎസിന് ലഭിക്കുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ പോലും വ്യക്തമായ രൂപരേഖയില്ല.

ജാതി-മത വേര്‍തിരിവില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കാണുന്ന രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഈഴവ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ കമ്മ്യൂണിസ്റ്റ് വിരോധം സമുദായ അംഗങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഇടതുഭരണം ആഗ്രഹിക്കാത്ത വെള്ളാപ്പള്ളി സുഹൃത്തുകൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തന്നെ തുടര്‍ഭരണം വരണമെന്ന നിലപാടിലാണെന്നാണ് അണിയറ സംസാരം. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടത്തിയ പ്രസംഗവും ഇടതു പക്ഷത്തിന്റെ പ്രചാരണ ആയുധമാണ്.

ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങളുടെ വോട്ടാണ് കേഡര്‍ പാര്‍ട്ടിയെന്ന രൂപത്തില്‍ മറിക്കാന്‍ പറ്റുന്നതെന്നിരിക്കെ ബിജെപിക്ക് വിജയ പ്രതീക്ഷയില്ലാത്ത സീറ്റുകളില്‍ അത്തരം നീക്കങ്ങള്‍ കുമ്മനത്തിന്റെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഇനി നടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പ്രത്യേകിച്ച് സംസ്ഥാനത്തെ സംഘപരിവാറിന് ഏറ്റവും പ്രിയപ്പെട്ട നേതാവ് പ്രസിഡന്റായിരിക്കുമ്പോള്‍. കഴിഞ്ഞ തവണ 5000ത്തില്‍ താഴെ വോട്ടുകള്‍ക്ക് മുന്നണികള്‍ വിജയിച്ച മണ്ഡലങ്ങളില്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാവും.

Top