ന്യൂഡല്‍ഹി: കോടതി അലക്ഷ്യ നോട്ടീസിന് മറുപടി നല്‍കി കുനാല്‍ കമ്ര. തമാശകളെ തമാശയായി കണക്കാക്കണമെന്ന് കുനാല്‍ കമ്ര മറുപടി നല്‍കി. തന്റെ മറുപടിക്കൊപ്പം മാപ്പ് അപേക്ഷിക്കാന്‍ കുനാല്‍ കമ്ര തയ്യാറായില്ല. തമാശകള്‍ അല്ല യാഥാര്‍ത്ഥ്യമെന്നും കുനാല്‍ കമ്ര പറഞ്ഞു. തമാശകള്‍ വിശ്വാസ്യത തകര്‍ക്കും എന്ന് ഭയക്കേണ്ടതില്ല. പ്രവര്‍ത്തനത്തിലാണ് കോടതി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത ആരുടേയും വിമര്‍ശനം കൊണ്ട് തകരുന്നതല്ല ആ വിശ്വാസ്യത എന്ന് കുനാല്‍ പറയുന്നു.
അസഹിഷ്ണുത എന്നത് മൗലിക അവകാശം പോലെയാണ് പലരും കണക്കാക്കുന്നത്. വിശ്വാസ്യതയില്‍ ഭീഷണി നേരിടുന്നവര്‍ വിമര്‍ശനങ്ങളെയും ഭയപ്പെടുന്നുവെന്നും കുനാല്‍ കൂട്ടിച്ചേര്‍ത്തു. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസ്യം നഷ്ടപ്പെടാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റ് എന്നും കുനാല്‍ വിശദമാക്കി. ആത്മഹത്യാ പ്രേരണക്കേസില്‍ ടെലിവിഷന്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിന് പിന്നാലെയായിരുന്നു സുപ്രീം കോടതിക്കെതിരായ കുനാലിന്റെ പരിഹാസം.
അഭിഭാഷകര്‍ അടക്കം എട്ട് പേരാണ് കുനാലിനെതിരെ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ മാസമാണ് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് സുപ്രീം കോടതി കുനാലിനും കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കും നോട്ടീസ് നല്‍കിയത്. പല കോടതികളുടേയും പല വിധികളോടും വിയോജിപ്പുണ്ടെന്നും എന്നാല്‍ ഈ കേസില്‍ കോടതി തീരുമാനത്തെ വലിയ ചിരിയോടെ സ്വീകരിക്കുമെന്നും കുനാല്‍ കൂട്ടിച്ചേര്‍ത്തു.