കൊല്ലം: കുണ്ടറയില്‍ പത്തു വയസ്സുകാരി പീഡനത്തിനിരയയായി മരിച്ച സംഭവത്തില്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് നല്‍കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് കൊല്ലം റൂറല്‍ എസ് പി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു.
അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയാണെന്നും അച്ഛനെ പ്രതിയാക്കി മുഖം രക്ഷിക്കാന്‍ പൊലീസ് തലപ്പത്ത് തിരിക്കിട്ട നീക്കം നടക്കുകയാണെന്നും ആരോപണമുണ്ട്.
മൂന്നു ദിവസമായി അമ്മയും മുത്തച്ഛനും ഉള്‍പ്പടെ ഒന്‍പതു പേരേ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്തിട്ടും സംശയിക്കുന്ന പ്രതിയില്‍ നിന്ന് ഒരു തെളിവും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ മകളുടെ മരണം അന്വേഷിക്കണമെന്ന പരാതിയുമായി സ്റ്റേഷനില്‍ കയറിയിറങ്ങിയ അച്ഛനെത്തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നുവെന്നാണ് സൂചന.
കേസില്‍ പ്രധാനമായും സംശയിക്കുന്നതു മുത്തച്ഛനാണെങ്കിലും ഇയാള്‍ക്ക് എതിരായുള്ള മൊഴികളൊന്നും തന്നെ കുട്ടിയുടെ അമ്മ നല്‍കിയിട്ടില്ല. എന്നാല്‍ അമ്മയും ഉറ്റബന്ധുക്കളും അച്ഛനെതിരായി മൊഴി നല്‍കിയിട്ടുമുണ്ട്.