കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്.
മകള്‍ക്ക് പഴയലിപി അറിയില്ല. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം.
മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയില്ല. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.കേസില്‍ ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായും പിതാവ് കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് മരിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയുടെയും പെണ്‍കുട്ടിയുടെ സഹോദരിയുടേയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.