കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി മരണപ്പെട്ട കേസില്‍ പ്രതിയായ മുത്തച്ഛന്‍ വിക്ടറിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കനത്ത സുരക്ഷയിലാണ് പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. കോടതി വളപ്പില്‍ പ്രതിക്ക് നേരെ നാട്ടുകാരുടെ അസഭ്യവര്‍ഷം.
ഞായറാഴ്ചയാണ് മരിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കുട്ടിയുടെ പിതാവ് അരോപിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും പിതാവ് ജോസ് പറഞ്ഞു. കേസില്‍ മുത്തച്ഛന്‍ വിക്ടറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് തൃപ്തിയില്ലെന്നും ജോസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.