കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ ആരോപണവുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്ത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വിക്ടര്‍ പീഡിപ്പിച്ചു വരികയാണെന്ന് കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി. പ്രാഥമിക ആവശ്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്തവിധം ക്രൂരമായി പീഡിപ്പിച്ചതെന്നും കുട്ടി മൊഴിനല്‍കി.
രാജകുമാരിയെപ്പോലെ കല്യാണം കഴിപ്പിക്കുമെന്നും 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇയാളുടെ വീട്ടില്‍ വെച്ച് ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നത്.
പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഭാര്യയും പ്രതിയാവും. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്.
അതിനിടെ, കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇയാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണിപ്പോള്‍ ഒരു പെണ്‍കുട്ടി കൂടി വിക്ടറിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.