കുണ്ടറ പീഡനക്കേസ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ജി പത്മാകരന്‍

തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ജി പത്മാകരന്‍. കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ എന്‍സിപി മുന്‍ സംസ്ഥാന നേതാവ് ജി പത്മാകരന്‍ ആവശ്യപ്പെട്ടു. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് തുടങ്ങി ഏത് പരിശോധനയ്ക്കും താന്‍ തയാറാണെന്നും പത്മാകരന്‍ പരാതിയില്‍ വ്യക്തമാക്കി. പരാതിക്കാരിയെ ഒരിക്കല്‍പ്പോലും നേരിട്ട് കണ്ടിട്ടില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും പത്മാകരന്‍ പറഞ്ഞു.

‘പരാതിക്കാരി സമാന സ്വഭാവമുള്ള പരാതികള്‍ തനിക്ക് വിരോധമുള്ള ആളുകളുടെ പേരില്‍ മുന്‍പ് പല തവണ പൊലീസില്‍ നല്‍കിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. പരാതിക്കാരിയുടെ പിതാവ് ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അംഗം എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് കൂടിയായ എ കെ ശശീന്ദ്രന്‍ വിവരം തിരക്കാന്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്ത ശേഷം വിവരങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. കളവായ ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചന നടന്നെന്ന് വ്യക്തമാണ്’. ജി പത്മാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് എന്‍സിപിയുടെ പ്രത്യേക അന്വേഷണ കമ്മിഷന്‍ ജി പത്മാകരനെയും എസ് രാജീവിനെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്. ഇതിന് പിന്നാലെയാണ് പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.

 

Top