കുണ്ടറ പീഡന പരാതി; എന്‍സിപിയില്‍ കൂട്ടപുറത്താക്കല്‍

കൊല്ലം: പീഡന കേസ് ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന വിവാദം ഉണ്ടായ സംഭവത്തിന്റെ പേരില്‍ എന്‍സിപിയില്‍ കൂട്ട പുറത്താക്കല്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കല്‍. യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയംഗം പദ്മാകരന്‍, രാജീവ് എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പരാതിക്കാരിയായ യുവതിയുടെ പിതാവിനെയും പുറത്താക്കിയിട്ടുണ്ട്. എട്ടുപേരെ ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്.

സംസ്ഥാന സമിതി അംഗം എസ് പ്രദീപ് കുമാര്‍, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു ബി, സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍പുരയ്ക്കല്‍, എസ് വി അബ്ദുള്‍ സലീം, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരും നടപടിയില്‍ പുറത്തായി.

കുണ്ടറ പീഢന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈയില്‍ ഇവരെ എന്‍സിപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മന്ത്രിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ചാനലുകളിലേക്ക് എത്തിച്ചിനാണ് ബെനഡിക്ടിനെതിരായ അച്ചടക്ക ലംഘനത്തിന് നടപടി. പ്രദീപ് കുമാര്‍ മന്ത്രിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമായിരുന്നു ജൂലൈയില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ വിശദീകരണം.

Top