കുണ്ടായിത്തോട് തീപിടുത്തം; ലാന്റ് ഫില്‍ ഫയര്‍ പ്രതിഭാസമെന്ന് നിഗമനം

കോഴിക്കോട്: കുണ്ടായിത്തോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ലാന്റ് ഫില്‍ ഫയറെന്ന പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ ഏറെക്കാലം കൂട്ടിയിട്ടതിനാലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിന്നാണ് തീപടര്‍ന്നത്.

കുണ്ടായിത്തോടിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും ലാന്റ് ഫില്‍ ഫയര്‍ എന്ന പ്രതിഭാസമാണെന്നുമാണ് ഡെപ്യൂട്ടി കളക്ടര്‍, മീഞ്ചന്ത ഫയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംയുക്ത സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മാലിന്യം കൂട്ടിയിട്ടതിന്റെ പിറക് വശത്തും മധ്യഭാഗത്തും പത്തടിയോളം താഴ്ചയില്‍ നിന്നാണ് തീ ഉണ്ടായത്.

ഇവിടെയുള്ള 250 ലോഡ് മാലിന്യം ഞെളിയന്‍ പറമ്പിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്, വ്യവസായ കേന്ദ്രമായ നല്ലളത്ത് അനധികൃതമായി മാലിന്യം സംഭരിക്കുന്ന ആറ് കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗോഡൗണുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി.

Top