Kunjalikkutty says about Congrerss-league relation

തിരുവനന്തപുരം: സ്വന്തം നിലനില്‍പ്പ് മുസ്ലീം ലീഗിന് നോക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ്സിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്.

മാണി യുഡിഎഫ് വിട്ട പശ്ചാത്തലത്തില്‍ മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചത്.

നിലവിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് ലീഗിലെ ഒരുവിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞദിവസം Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന പ്രതികരണമാണ് പരോക്ഷമായെങ്കിലും ഇപ്പോള്‍ ലീഗ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സ്വന്തം നിലനില്‍പ്പ് എല്ലാവരുടെയും പ്രശ്‌നമാണെന്നും കേരള രാഷ്ട്രീയം എങ്ങോട്ടാണ് പോവുന്നതെന്ന് തങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ ആശങ്ക ഇക്കാര്യത്തില്‍ ലീഗിനുണ്ട്.

ലീഗിന് സംസ്ഥാനത്ത് നിലനില്‍പ്പില്ലാത്ത സാഹചര്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

മാണിക്ക് ബാര്‍ കോഴക്കേസില്‍ കുരുക്കിയത് സംബന്ധമായി വളരെയേറെ വേദനയുണ്ടായിരുന്നു. അതില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ചെന്നിത്തലയുടെ പങ്ക് സംബന്ധമായ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്‍ കാലങ്ങളില്‍ കേരള രാഷ്ട്രീയം സംബന്ധിച്ചും പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഘടകകക്ഷികളോട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധിയും അക്കാലത്ത് സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. യുഡിഎഫിലെ ഘടക കക്ഷികളോട് അഭിപ്രായം തേടാന്‍ ഹൈക്കമാന്റ് തയാറാകുകയാണ് വേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

മാണിയെയും ലീഗിനെയും ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സിപിഎം മുഖപത്രം കഴിഞ്ഞ ദിവസം ലീഗുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന രൂപത്തില്‍ മുഖപ്രസംഗമെഴുതിയെന്ന പ്രചരണം ശക്തമായിരിക്കെ ലീഗ് നേതാവിന്റെ പുതിയ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.

മാണിയില്ലാതെ യുഡിഎഫിന് ഒരിക്കലും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് ലീഗിനെ നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തി യുഡിഎഫ് സംവിധാനത്തിന് എത്രകാലം മുന്നോട്ട് പോവാന്‍ കഴിയുമെന്ന കാര്യത്തിലും ലീഗ് നേതൃത്വത്തില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്നു. ഇതാണ് മാണിയുടെ പുറത്ത് പോകലിന് വഴി ഒരുക്കിയതെന്നാണ് ലീഗിന്റെ അഭിപ്രായം.

Top