മുസ്ലീം ലീഗില്‍ വീണ്ടും കുഞ്ഞാലിക്കുട്ടി യുഗമോ ? വഹാബിനെ വെട്ടിച്ച നീക്കം

മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ലീഗ് എം.പിയുടെ തന്ത്രപരമായ നീക്കം. മുസ്ലീം ലീഗ് എം.പിയായ അബ്ദുള്‍ വഹാബാണ് ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിക്ക് പാരയായിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനാണ് എം.പി കൂടിയായ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നത്. ഇത് തന്റെ മന്ത്രി സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് വഹാബ് ഭയക്കുന്നത്. ലീഗില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലെ പ്രധാനിയാണ് വഹാബ്. രണ്ട് എം.പിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനോട് ലീഗ് പ്രസിഡന്റും യോജിക്കുന്നില്ല. മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പ് ലീഗ് അണികളും ആഗ്രഹിക്കുന്നില്ല. വേങ്ങരയില്‍ നിന്ന് രാജിവച്ച് ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് തന്നെ കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ യു.പി.എക്ക് തിരിച്ചടി കിട്ടിയതോടെ ഈ സ്വപ്നവും തകരുകയായിരുന്നു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരം പിടിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. അഞ്ചാം മന്ത്രിക്കു വേണ്ടി മുന്‍പ് ചെലുത്തിയ സ്വാധീനം ഉപമുഖ്യമന്ത്രി പദത്തിനു വേണ്ടിയും ചെലുത്തുകയാണ് ലീഗ് ലക്ഷ്യം. കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ ഉപമുഖ്യമന്ത്രി പദം പിടിച്ചു വാങ്ങാന്‍ കഴിയുമെന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ വാദിക്കുന്നത്. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായതിനാല്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ സമ്മര്‍ദ്ദവും കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയാണ്. ഈ നീക്കത്തിന് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പച്ചക്കൊടി കാണിച്ചാല്‍ വഹാബ് വിഭാഗത്തിനാണ് തിരിച്ചടിയേല്‍ക്കുക. രാജ്യസഭയിലെ കാലാവധി കഴിയാറായ വഹാബ് സംസ്ഥാന മന്ത്രിസ്ഥാനമാണ് നോട്ടമിട്ടിരിക്കുന്നത്. സമസ്ത ഇ.കെ സുന്നി വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

വഹാബിന്റെ ഈ നീക്കത്തിന് പക്ഷേ കോണ്‍ഗ്രസ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളുടെയോ ലീഗ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെയോ പിന്തുണ ലഭിച്ചിട്ടില്ല. സമസ്ത നേതൃത്വത്തെ ഉപയോഗിച്ച് എതിര്‍പ്പ് മറികടക്കാനാണ് വഹാബ് നിലവില്‍ ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടി മത്സരിച്ചില്ലെങ്കില്‍ മാത്രമേ വഹാബിന് സാധ്യതയുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം.പിക്കും താല്‍പര്യമുണ്ടെങ്കിലും അദ്ദേഹം അക്കാര്യം പ്രവര്‍ത്തിയില്‍ കാട്ടിയിട്ടില്ല. പാണക്കാട്ടെ മനസ്സറിഞ്ഞ് നിലപാട് സ്വീകരിക്കാനാണ് ഈ ലീഗ് നേതാവിനും താല്‍പര്യം. കുഞ്ഞാലിക്കുട്ടിയാകട്ടെ ഇപ്പോള്‍ തന്നെ കളം നിറഞ്ഞാണ് കളിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയതോടെ അനുനയ നീക്കം നടത്തുന്നതിപ്പോള്‍ കുഞ്ഞാലിക്കുട്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. പി.കെ കുഞ്ഞാലിക്കുട്ടി ഇതിനകം തന്നെ ജോസ് കെ മാണിയോടും ജോസഫിനോടും ചര്‍ച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിന് അനുകൂലമാക്കിയതും കുഞ്ഞാലിക്കുട്ടിയാണ്. മുസ്ലിം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചിരുന്നത്. ഇതെല്ലാം കേരള രാഷ്ട്രീയത്തിലേക്കുള്ള മടക്കം മുന്‍നിര്‍ത്തി തന്നെയായിരുന്നു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്ന നിലപാട് കെ.പി.സി.സി നേതൃത്വവും ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. ചേരിതിരിഞ്ഞ് നില്‍ക്കുന്ന കേരള കോണ്‍ഗ്രസിലെ ജോസ്.കെ മാണിയും പി.ജെ ജോസഫും കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. കോട്ടയം പാര്‍ലമെന്റ് സീറ്റിനായുള്ള തര്‍ക്കം മുന്‍പ് പരിഹരിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥ ചര്‍ച്ചയിലായിരുന്നു.

മുസ്ലീം സാമുദായിക സംഘടനകളില്‍ സി.പി.എം അനുകൂല നിലപാടുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ നേതാവായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായിപ്പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. കാന്തപുരം എ.പി വിഭാഗത്തെയും ലീഗ് അനുകൂല ഇ.കെ സുന്നി വിഭാഗത്തെയും ഒരുമിപ്പിക്കാന്‍ സുന്നി ഐക്യമെന്ന ആവശ്യത്തിനും കുഞ്ഞാലിക്കുട്ടി മുന്‍പ് മുന്‍കൈയ്യെടുത്തിരുന്നു. എന്നാല്‍ ഇ.കെ വിഭാഗത്തിന്റെ എതിര്‍പ്പുമൂലം ഈ നീക്കം പരാജയപ്പെടുകയാണുണ്ടായത്.

ലീഗിനെ ശക്തമായി എതിര്‍ത്തിരുന്ന എസ്.ഡി.പി.ഐയുമായിപ്പോലും മികച്ച ബന്ധമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് എസ്.ഡി.പി.ഐ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് എസ്.ഡി.പി.ഐ നേതാക്കളുമായി കൊണ്ടോട്ടിയില്‍ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും രഹസ്യചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് യു.ഡി.എഫ് നേതൃത്വവും കുഞ്ഞാലിക്കുട്ടിയെ വീണ്ടും ആഗ്രഹിക്കുന്നത്. വഹാബിന് മാത്രമല്ല മുനീര്‍ വിഭാഗത്തിനും കുഞ്ഞാലിക്കുട്ടിയുടെ ഈ തിരിച്ചു വരവ് പ്രഹരമാണ്. അധികാരം ലഭിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ തന്നെ മുനീറിന് ഇനിയും ഒതുങ്ങേണ്ടി വരും. നിലവില്‍ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറാണ്. ഭരണം കിട്ടിയില്ലെങ്കില്‍ ആ സ്ഥാനം പോലും മുനീറിന് നഷ്ടമാകാനാണ് വഴി ഒരുങ്ങുന്നത്.

Top