ഇന്നലെ കശ്മീര്‍, ഇന്ന് ലക്ഷദ്വീപ്; നാളെ കേരളമാകുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപില്‍ വളരെ സമാധാനപ്രിയരായി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടു വന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘ്പരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

 

Top