കുഞ്ഞാലികുട്ടിയുടെ അധികാരമോഹം ആപത്തായി; അതൃപ്തി പ്രകടിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍

മലപ്പുറം: ലോക്‌സഭ അംഗത്വം രാജിവെച്ച കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പ്രവര്‍ത്തകര്‍ പൂര്‍ണമനസ്സോടെ ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അണികളുടെ അതൃപ്തി പുറത്തുവന്നിരിക്കുകയാണ്.

കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹമാണ് യു.ഡി.എഫിന്റെ തോല്‍വിയില്‍ ഒരു ഘടകമായെന്നാണ് ഒരു വിഭാഗം അണികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭ അംഗത്വം രാജിവെച്ചതോടെ ആ ഒഴിവിലേക്ക് നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധമാണെന്നാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്.

മലപ്പുറത്ത് സീറ്റുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷം മലപ്പുറത്ത് ലീഗിനുണ്ടായിരുന്നു. ഇപ്പോള്‍ 1,14,615 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമാദാനി മലപ്പുറത്ത് നിന്ന് ജയിച്ചത്. കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ലോക്‌സഭയിലേക്ക് ചേക്കേറിയെങ്കിലും സുപ്രധാന ബില്ലുകളിലടക്കം കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇതെല്ലാം വീണ്ടും ഉയര്‍ത്തിക്കാട്ടുകയാണ് പ്രവര്‍ത്തകര്‍.

 

Top