ഒറ്റപ്പാലം: നാട്ടിലിറങ്ങിയ ആനകളെ കാട്ടിലെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും കുങ്കി ആനകള്‍ എത്തി.
ആനകളെ കാട്ടിലെത്തിക്കാന്‍ വനം വകുപ്പിന്റെയും, പോലീസ് സംഘത്തിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും ആനകളെ എത്തിച്ചത്.
ഒരാഴ്ചയോളം നാടിനെ വിറപ്പിച്ച മൂന്നു കാട്ടാനകളാണ് ഉള്‍വനത്തിലേക്കു കയറാതെ വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തെ നെല്‍കൃഷിയും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവയെ കാടുകയറ്റി വിടാന്‍ തമിഴ്‌നാട്ടില്‍നിന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരിക്കുന്നത്.
എട്ടുദിവസം മുന്‍പാണ് കല്ലടിക്കോട് വനമേഖലയില്‍നിന്നു മൂന്നു ആനകള്‍ നാട്ടില്‍ ഇറങ്ങിയത്. വെള്ളിയാഴ്ച മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് ഇവ വീണ്ടും കാടുകയറിയിരുന്നു. പുലര്‍ച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ വനത്തില്‍ കയറ്റാന്‍ പലപ്പോഴായി നടത്തിയ ശ്രമങ്ങള്‍ തടസപ്പെട്ടെങ്കിലും കാത്തിരിപ്പിനൊടുവില്‍ അവ കാടുകയറുകയായിരുന്നു
ആനകളെ കടത്തി വിടാന്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനപാത കടന്നു പോകുന്ന മുണ്ടൂരില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്.