Kunnathunadu-assembly-election-PV Sreenijan-cpm-against

കൊച്ചി: കുന്നത്തുനാട് സംവരണ സീറ്റില്‍ മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവും വിവാദനായകനുമായ പി.വി ശ്രീനിജനെ പിന്‍തുണയ്ക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മില്‍ വ്യാപക പ്രതിഷേധം.

മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റിസായ കെജി ബാലകൃഷ്ണന്റെ മരുമകനായ ശ്രീനിജനെതിരെ അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ നാവ് കൊണ്ട് ശ്രീനിജന് വോട്ട് ചോദിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് അണികള്‍.

നിലവിലെ എംഎല്‍എ സജീന്ദ്രനെതിരെ കലാഭവന്‍ മണിയെ രംഗത്തിറക്കാനായിരുന്നു നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ആകസ്മികമായി മരണത്തിന് മണി കീഴടങ്ങിയതോടെയാണ് പകരക്കാരനാവാന്‍ ശ്രീനിജന്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

സിപിഎം നേതൃത്വവുമായി ബന്ധമുള്ള ചില ബിസിനസുകാര്‍ മുഖാന്തിരം ശക്തമായ സമ്മര്‍ദ്ദം ഇടത് പിന്തുണ ഉറപ്പുവരുത്താന്‍ ശ്രീനിജന്‍ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

13 ന് എകെജി സെന്ററില്‍ ചേരുന്ന സിപിഎം നേതൃയോഗത്തില്‍ തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശ്രീനിജന്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായതിനാല്‍ ഓരോ മണ്ഡലത്തിലേയും ജയസാധ്യതക്കാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ അന്തിമ പട്ടിക വരുമ്പോള്‍ ജില്ലാ കമ്മിറ്റികളുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ പോലും ഔട്ടാവാന്‍ സാധ്യത കൂടുതലുമാണ്.

ശ്രീനിജനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിച്ചാല്‍ വിജയിച്ചു കഴിഞ്ഞാല്‍ യുഡിഎഫ് പാളയത്തിലേക്ക് പോവുമെന്ന മുന്നറിയിപ്പും മണ്ഡലത്തിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

സിപിഎം സ്ഥാനാര്‍ത്ഥി തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്നതാണ് പ്രവര്‍ത്തകരുടെ വികാരം. മറിച്ചായാല്‍ വന്‍ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുമെന്ന മുന്നറിയിപ്പും അണികള്‍ നല്‍കുന്നുണ്ട്.

Top