സിറിയന്‍ കുര്‍ദ് സംഘടന നേതാവ് ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റില്‍

പ്രാഗ്: സിറിയയിലെ കുര്‍ദ് സംഘടനയുടെ നേതാവായ സലേഹ് മുസ്ലിം ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗില്‍ അറസ്റ്റില്‍. സലേഹിനെതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കുര്‍ദിഷ് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ(പിവൈഡി) മുന്‍ സഹ അധ്യക്ഷനായ മുസ്ലിമിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി തുര്‍ക്കിഷ് നീതിന്യായ മന്ത്രാലയം അറിയിച്ചു.

2016ല്‍ ഫെബ്രുവരിയില്‍ അങ്കാറയില്‍ 37 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ മുസ്ലിമിനെതിരെ കുറ്റം ചുമത്തിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിലേക്ക് കടന്ന ഇയാളെ പിടികൂടുന്നതിന് പത്തു ലക്ഷം ഡോളര്‍ (6.47കോടി രൂപ) തുര്‍ക്കി വാഗ്ദാനം ചെയ്തിരുന്നു.

തുര്‍ക്കിയിലെ ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകള്‍ സ്വയംഭരണമാവശ്യപ്പെട്ട് വര്‍ഷങ്ങളായി പോരാടുകയാണ്. ദശകങ്ങളായി തുര്‍ക്കിയുടെ ശത്രുപക്ഷത്തുള്ള കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ടി (പികെകെ)യുടെ ശാഖയാണ് പിവൈഡി. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് പികെകെ.

Top